History

43 Lot's wife salt pillar
വിശുദ്ധ നാടിന്റെ ചരിത്രം അടുക്കുകളായി മനസ്സിലായെങ്കിലെ ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ സ്ഥലങ്ങളിലും ആദിമ ക്രിസ്തു ശിഷ്യരും, ബൈസന്റൈൻ ശില്പികളും നിർമ്മിച്ച സ്മാരകങ്ങൾ വിവിധ അധിനിവേശ ശകതികൾ നശിപ്പിച്ചതിന്റെയും പിന്നീട് കുരിശു യുദ്ധക്കാർ തരികെപ്പിടിച്ചു പുനർനിർമ്മിക്കുകയും വീണ്ടും ഒട്ടോമാൻ തുർക്കുകൾ നശിപ്പിക്കുകയും, കാലാന്തരത്തിൽ ബെനെഡിക്റ്റൻ, ഫ്രാൻസിസ്കൻ, ഗ്രീക്ക് ഓർത്തഡോൿസ് തുടങ്ങിയ സഭാ വിഭാഗക്കാർ ശാസ്ത്രീയമായി ഉദ്ഖനനം ചെയ്തു പുനർ സൃഷ്ടിക്കുകയും ചെയ്തതിന്റെ ചരിത്രാവബോധം പൂർണമായും ഉൾക്കൊള്ളാ നാവു. ക്രിസ്തുവിന്റെ കാലത്ത് ജി പി എസ് അടയാളങ്ങൾ സ്ഥാപിയ്ക്കാൻ സാദ്ധ്യമല്ലതിരുന്നതിനൽ കുറെയൊക്കെ ചരിത്രവും സാഹചര്യങ്ങളും സഹായത്തിനെടുക്കാതെ തരമില്ല.
309
ഇന്നത്തെ ഇസ്രായേലും പാലെസ്തീനും ഏതാണ്ട് മുഴുവനായും, ഈജിപ്റ്റ്, ജോർദാൻ, സിറിയ, ലെബാനീസ് റിപബ്ലിക് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ചേർന്ന ഭൂപ്രദേശത്തെയാണ് വിശുദ്ധ നാടുകൾ എന്ന് പൊതുവെ വിവക്ഷിക്കുന്നത്. യഹൂദനും, മുസ്ലിമും, ബഹായിയും ക്രിസ്ത്യാനിയും ഒരുപോലെ വിശുദ്ധമെന്നു കരുതുന്ന ഭൂമി. യഹൂദനെ സംബന്ധിച്ചിടത്തോളം യഹോവ നേരിട്ട് അബ്രഹാമിനും അവന്റെ സന്തതിക്കുമായി നൽകിയ വാഗ്ദത്ത നാട്. ക്രിസ്ത്യാനിക്ക് യേശുക്രിസ്തു ജനിച്ചു ജീവിച്ചു ക്രൂശിക്കപ്പെട്ട ശേഷം മരിച്ച് ഉയർത്തെഴുന്നേറ്റ പുണ്യദേശം, ഇസ്ലാമിനാണെങ്കിൽ അല്ലാഹു പ്രവാചകനെ ഒരു രാത്രികൊണ്ട് (ഇസ്രയും മിറാജും) മക്കയിൽ നിന്നും കൂട്ടിക്കൊണ്ടു പോയി കാണിച്ച യെരുശലേം ഉൾക്കൊള്ളുന്ന ഭൂവിഭാഗം.
322

കഴിഞ്ഞ നാലായിരം വർഷങ്ങളിൽ യെരുശലേമിന് വേണ്ടി നൂറ്റിപതിനെട്ടു യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. വിവിധ ശകതികൾ ഏതാണ്ട് നാൽപ്പത്തിനാലു തവണ യെരുശലേം പിടിച്ചടക്കിയത്തിനും പതിനൊന്നു തവണ വിവിധ രാജ്യാതിർത്തികളുടെ ഭാഗമായിരുന്നതിനും തെളിവുകളുണ്ട്. ഗോത്രപിതാവായ അബ്രഹാമിനെ അത്യുന്നതനായ ദൈവത്തിന്റെ മഹാപുരോഹിതനും ശാലേം നഗരത്തിന്റെ രാജാവുമായിരുന്ന മൽക്കീസെദെക് അനുഗ്രഹിക്കുന്നതോടെയാണ് ബൈബിളിൽ യെരുശലേമിന്റെ ചരിത്രം ആരംഭിക്കുന്നത്. ഉർസാലിം, ശാലേം, മോറിയ മല, ദാവീദിന്റെ നഗരം, സീയോൻ, ജെബുസ് എന്നെല്ലാം യെരുശലേം അറിയപ്പെട്ടിരുന്നു.
ദാവീദ് രാജാവ് യെബൂസ്യരെ തോൽപ്പിച്ച് യെരുശലേം പിടിച്ചടക്കിയ സംഭവം ഒന്ന് ദിനവൃത്താന്തങ്ങൾ പതിനൊന്നാം അദ്ധ്യായം നാല് മുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ബി. സി.1052 ൽ ആയിരുന്നു ചരിത്രപ്രാധാന്യമുള്ള ഈ യുദ്ധം നടന്നത്. ദാവീദ് രാജാവിന്റെ മരണശേഷം ശലോമോൻ യെരുശലേം ദേവാലയ നിർമാണത്തിന് ആരംഭം കുറിച്ചു. പണി പൂർത്തിയാക്കി പ്രാർഥിച്ച് കഴിഞ്ഞപ്പോൾ “യഹോവയുടെ തേജസ് ആലയത്തിൽ നിറഞ്ഞു”
329
ശലോമോന്റെ മരണത്തിനു ശേഷം വടക്ക് ഇസ്രയേലും തെക്ക് ജൂദയുമായിഇസ്രയേൽ രണ്ടായി വിഭജിക്കപ്പെട്ടു. ബി.സി. 720 ൽ അസീറിയക്കാർ വടക്കൻ പ്രദേശം കീഴടക്കുകയും തുടർന്ന് ഇസ്രായേലിന്റെ പത്തു ഗോത്രങ്ങളെ നാട് കടത്തുകയുമുണ്ടായി. ഇവർ ഇന്നും നഷ്ടപ്പെട്ട ഗോത്രങ്ങൾ (lost tribes ) എന്നറിയപ്പെടുന്നു. ബി.സി.701 ൽ അസീറിയക്കാർ തെക്കൻ പ്രദേശവും ആക്രമിച്ചെങ്കിലും കീഴടക്കാനായില്ല.

ഒരു ശതാബ്ദത്തിനു ശേഷം നെബുഖദ്നെസർ രണ്ടാമൻ ബി.സി. 597 ൽ തെക്കൻ ഇസ്രയേലും യെരുശലേമും പിടിച്ചടക്കുകയും ശലോമോൻ പണിത ദേവാലയം നശിപ്പിച്ചശേഷം യഹൂദരെ ബദ്ധരാക്കി ബാബിലോണിലേക്ക് (ഇറാക്ക്)കൊണ്ടുപോകുകയും ചെയ്തു3 . പിന്നീട് പേർഷ്യൻ രാജാവായ സൈറസ് ബാബിലോൺ കീഴടക്കിയതിനു ശേഷമാണ് യഹൂദർ ബന്ധനത്തിൽ നിന്ന് വിടുവിക്കപ്പെടുന്നതും നെഹമ്യാവിന്റെ നേതൃത്വത്തിൽ രണ്ടാമത് യെരുശലേം ദേവാലയം നിർമ്മിക്കുന്നതും.

ബി. സി.332 ൽ മഹാനായ അലക്സാണ്ടർ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയതോടെ പലസ്തീൻ അദ്ദേഹത്തിൻറെ സാമ്രാജ്യത്തിന്റെ ഭാഗമായി. പക്ഷെ അലക്സാണ്ടറുടെ മരണത്തെ തുടർന്ന് ഈ ഭൂവിഭാഗം ഈജിപ്റ്റിലെ ടോളമി വംശത്തിന്റെ നിയന്ത്രണത്തിലും തുടർന്ന് സിറിയയിലെ സെലുസിദ് സാമ്രാജ്യത്തിന്റെ ഭാഗവുമായി. മക്കാബീസ് പ്രക്ഷോഭത്തെ തുടർന്ന് രാജ്യം യഹൂദ കൈകളിലെത്തുകയും തുടർന്ന് നൂറിലധികം വർഷം ഹാസ്മോനിയൻ വംശം ഭരണം നടത്തുകയുണ്ടായി.

മക്കാബീസ് സഹോദരങ്ങളുടെ അനന്തര തലമുറയിലെ അന്തചിദ്രം മുതലെടുത്ത് റോമൻ ജനറൽ പോമ്പേ അധികാരം പിടിച്ചെടുത്തു. ബി.സി.37 ൽ റോമ സാമ്രാജ്യം ഹെരൊദിനെ ഇസ്രായേലിന്റെ രാജാവായി അവരോധിച്ചു. ഹെരോദാ രാജാവ് യെരുശലേം ദേവാലയം വിപുലീകരിക്കുകയും പുതുക്കി പ്പണിയുകയും ചെയ്തു. ഇക്കാലത്താണ് യേശു ബെത്ലെഹെമിൽ ജനിയ്ക്കുന്നത്.

ക്രിസ്തുവിന്റെ മരണശേഷം AD 66 ൽ യെഹൂദർ റോമാ സാമ്രാജ്യത്തിനെതിരെ വൻ തോതിലുള്ള പ്രക്ഷോഭങ്ങൾ തുടങ്ങി. ആദിമ ക്രിസ്ത്യാനികൾ ജീവ രക്ഷാർത്ഥം യെരുശലെമിൽ നിന്നും പാലായനം ചെയ്തു. AD 70 ൽ റോമാ പടയാളികൾ യെരുശലേം പട്ടണവും ദേവലായവും ഏതാണ്ട് പൂർണമായി നശിപ്പിച്ചുകളഞ്ഞു. AD 135 ൽ റോമൻ ചക്രവർത്തി ഹദ്രിയാൻ യെരുശലേം പൂർണ്ണമായി തന്റെ അധികാരത്തിൽ കൊണ്ട് വരുകയും എല്ലാ യഹൂദരെയും പുറത്താക്കുകയുമുണ്ടായി. തുടർന്ന് അദ്ദേഹം ക്രിസ്തുവിന്റെ ഒർമ്മകളെപ്പോലും മായിക്കാനെന്നവണ്ണം യേശുവിനെ അടക്കിയ കല്ലറയ്ക്ക് മുകളിൽ റോമൻ ദേവതയുടെ ക്ഷേത്രം പണിയുകയും ചെയ്തു.
റോമാ അധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് അതിര് വന്നത് AD 313 ലെ മിലാൻ പ്രഖ്യാപനത്തിന് ശേഷമാണ്. ക്രിസ്ത്യാനികൾക്ക് ആരാധനാ സ്വാതന്ത്ര്യവും, അവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ മടക്കി നല്കുന്നതിനും രാജകൽപ്പനയായി.

AD 324 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി അധികാരം ഏറ്റെടുക്കുകയും റോമാ സാമ്രാജ്യത്തിന്റെ രാജധാനി റോമിൽ നിന്നും ബൈസാന്റിയം (കോൺസ്റ്റാന്റിനോപ്പിൾ,ഇന്നത്തെ ഈസ്താംബൂൾ)നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്രിസ്തുമതത്തിന്റെ അടിസ്ഥാന സംഹിതയായി കരുതപ്പെടുന്ന നിഖ്യ വിശ്വാസപ്രമാണം ഈ കാലഘട്ടത്തിൽ തുർക്കിയിലെ നിഖ്യായിൽ സമ്മേളിച്ച സുന്നഹദോസിലാണ് അംഗീകരിക്കപ്പെട്ടത്. ഇന്നും പല ക്രിസ്തുമത വിഭാഗക്കാരുടെയും മധ്യസ്ഥ പ്രാർത്ഥനകളിൽ കുസ്ത്ന്തീനോസ്പോളിസിലെയും നിഖ്യായിലെയും സുന്നഹദോസുകളെ ഓർമ്മിക്കാറുണ്ട്. ഏതാണ്ട് മുന്നൂറു വർഷം നീണ്ടു നിന്ന ക്രിസ്തുമതത്തിന്റെ സുവർണ കാലഘട്ടം ഇവിടെ തുടങ്ങുന്നതായി കരുതാം.

അധികാരത്തിലെത്തിയ ഉടൻ തന്നെ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുവിന്റെ കല്ലറ കണ്ടെത്തി അവിടെ ദേവാലയം പണിയാൻ നടപടികളെടുത്തു. ചക്രവർത്തിയുടെ മാതാവ് ഹെലെന AD 324 മുതൽ 326 വരെ വിശുദ്ധ നാടുകൾ സന്ദർശിച്ച് യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന സ്ഥലങ്ങളും സ്ഥാന നിർണയം നടത്തി അവിടെയെല്ലാം ബൈസാന്റൈൻ ശില്പ മാതൃകയിൽ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. AD 335 ൽ ക്രിസ്തുവിന്റെ കബറിടത്തിലെ ദേവാലയം (Church of Holy Sepulcher) കൂദാശ ചെയ്ത് വിശ്വാസികൾക്ക് സന്ദർശനത്തിന് തുറന്നു കൊടുത്തു . തുടർന്നുള്ള വർഷങ്ങളിൽ ബെത്ലെഹെമിലെ നേറ്റിവിറ്റി ദേവാലയം, ഒലിവ് മലയിലും മറ്റു പലയിടത്തും സന്യാസ കേന്ത്രങ്ങളും മഠങ്ങളും സ്ഥാപിക്കപ്പെട്ടു.

യൂസെബിയസ്, സിറിൽ, ജെറോം, പോളാ തുടങ്ങിയ വിശുദ്ധർ ഈ കാലഘട്ടത്തിൽ യെരുശലേമിന് ചുറ്റുപാടും ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. AD 391 ൽ തിയഡോഷ്യസ് ചക്രവർത്തി ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭരണ കാലമായ AD 527—565 കാലഘട്ടം ബൈസാന്റൈൻ സംസ്കാരത്തിന്റെ എല്ലാ നന്മയും വിശുദ്ധ നാടുകൾ അനുഭവിച്ചു.എ ഡി 537 ൽ ജസ്റ്റീനിയൻ ചക്രവർത്തി സ്ഥാപിച്ച അതിമനോഹരമായ ഹാജിയ സോഫിയ എന്ന ദേവാലയം പിന്നീട് ഒട്ടോമാൻ രാജവംശം അധികാരത്തിൽ വന്നതോടെ മുസ്ലിം ദേവാലയമായി മാറി. ഇവിടുത്തെ മൊസൈക്കിലുള്ള ശില്പ വേലകൾ ഡബ്ല്യൂ .ബി .യേറ്റ്സിന്റെ ബൈസാന്റിയം കവിതകളിൽ പ്രകീർത്തിക്കപ്പെട്ടവയാണ്.

AD 639 ൽ ഉമർ ഖലീഫാ യെരുശലേം കീഴടക്കിയതോടെ വീണ്ടും ക്രൈസ്തവ സ്മാരകങ്ങൾ അവഗണിക്കപ്പെട്ടു. പിന്നീടു വന്ന അബ്ദുൽ മാലിക് ഖലീഫാ AD 691 ൽ യെരുശലേമിന്റെ ഏറ്റവും പ്രശസ്തമായ അടയാളമായ “ഡോം ഓഫ് ദി റോക്ക്” നിർമ്മിച്ച് ഇസ്ലാമിന്റെ അധിനിവേശം ഉറപ്പാക്കി. 1071 ൽ തുർക്കുകൾ യെരുശലേം പിടിച്ചെടുക്കുകയും തുടർന്ന് 1099 ലെ ആദ്യത്തെ കുരിശു യുദ്ധത്തിലൂടെ പോപ് ഉർബൻ അധികാരം തിരിച്ചു പിടിക്കുകയും ചെയ്തു. പിന്നീട് സലാദിൻ ഖലിഫായും ഈജിപ്റ്റിലെ മാംലുക്കുകളും കുരിശു യുദ്ധക്കാരുടെ കോട്ടകൾ കീഴ്പ്പെടുത്തി. ഈ യുദ്ധങ്ങൾക്കിടയിലും ഫ്രാൻസിസ്കൻ വിഭാഗക്കാർ തങ്ങളുടെ യാത്രകൾ തുടർന്നിരുന്നു. 1517 മുതൽ 1917 വരെയുള്ള നാനൂറു വർഷം ഈ ഭൂവിഭാഗം ഒട്ടോമാൻ തുർക്കുകളുടെ അധീനതയിലായി. ഈ ഭരണകൂടം യഹൂദരുമായി താരതമ്യേന രമ്യതയിലായിരുന്നു. നിരവധി അർമേനിയൻ ക്രിസ്ത്യാനികൾ ഈ കാലത്ത് യെരുശലേമിലേക്ക് കുടിയേറി. ജനസംഖ്യയുടെ ഏതാണ്ട് ഇരുപതു ശതമാനം ഇവരായിരുന്നു . തുടക്കത്തിൽ അർമേനിയൻ ക്രിസ്ത്യാനികൾ ഒട്ടോമാൻ ഭരണത്തിൽ സാമ്പത്തികമായി അഭിവൃദ്ധി നേടിയെങ്കിലും പില്കാലത്ത് വളരെയധികം പീഡകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്.

1909 ൽ ആണ് ചെറുപ്പക്കാരായ മുന്നു പാഷാമാർ തുർക്കിയിലെ ഓട്ടോമാൻ ഭരണ കൂടത്തിന്റെ തലപ്പത്ത് എത്തിയത്. യുവ തുർക്കികൾ എന്ന പേരിൽ അറിയപ്പെട്ട, മൊഹമ്മെദ് തലാത് പാഷ (ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി ഉണ്ടായിരുന്ന പ്രധാനമന്ത്രി) ഇസ്മായേൽ എൻവർ പാഷാ (യുദ്ധകാര്യ മന്ത്രി) അഹമ്മദ് ദെജ്മൽ പാഷ ( നാവികസേനാ വകുപ്പ് മന്ത്രി) എന്നിവരെ അർമ്മേനിയക്കാർ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി യുവ തുർക്കികൾ അധികാരത്തിലെത്തിയപ്പോൾ കാര്യങ്ങൾ അർമ്മേനിയക്കാർ വിചാരിച്ച നിലയിലല്ല പുരോഗമിച്ചത്. ക്രിസ്ത്യാനികക്കെതിരെ ദേശീയ വികാരം ഉണർത്തുന്നതിൽ മതാധികാര ഭരണകൂടമായിരുന്ന ഓട്ടോമാൻ സാമ്രാജ്യം വിജയിച്ചു.

അർമ്മേനിയയിലെ അന്യമതസ്ഥർക്ക് അമിതമായ നികുതി ഏർപ്പെടുത്തി, ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കും കോടതിയിൽ പ്രവേശനം നിഷേധിച്ചു, മൃഗവാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി. എല്ലാ തരത്തിലും രണ്ടാം തരംപൗരന്മാരായി അവരെ പരിഗണിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ അർമ്മേനിയക്കാരെ കൂട്ടസംഹാരം നടത്തുവാൻ ഇതു തന്നെ നല്ല അവസരം എന്ന് യുവ തുർക്കികൾ മനസിലാക്കി. തുടർന്ന് 1915 മുതൽ 1918വരെ ഓട്ടോമാൻ ഭരണകൂടം അർമ്മേനിയക്കാരെ കൂട്ടമായി കൊന്നൊടുക്കി. സ്ത്രീകളെ കൂട്ടം കൂട്ടമായി കുരിശിൽ തറച്ച് കൊന്നു. സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും സിറിയൻ മരുഭൂമിയിലെ തടവറയിലേയ്ക്ക് ഡെത് മാർച്ച് നടത്തിച്ചു. പട്ടിണിയും ദാരിദ്ര്യവും പീഡനവും നിമിത്തം യാത്ര തുടങ്ങിയ ആരും തന്നെ തടവറയിൽ എത്തിയില്ല.

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു. ഫ്രഞ്ച്, ഇറ്റാലിയൻ ബ്രിട്ടീഷ് സഖ്യ സേന കോൺസ്റ്റാന്റ്നോപ്പിൾ പിടിച്ചടക്കി. ഓട്ടോമാൻ ഭരണത്തിന്റെ അന്ത്യ നാളുകളായിരുന്നു അത്. അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യം ലീഗ് ഓഫ് നേഷൻസ് അംഗീകരിച്ചപ്പോൽ അവരും ഒട്ടോമാൻ സാമ്രാജ്യത്തിൽ നിന്നും പിരിഞ്ഞു പോയി. മത തീവ്രമൗലികവാദവും അമിത ദേശീയതയും വിതച്ച് കൂട്ടക്കൊലകൾ നടത്തി വളർത്തിയ ഒരു ഭീകര സാമ്രാജ്യം ഇല്ലാതെയായി. റിപ്പബ്ലിക് ഓഫ് തുർക്കി എന്ന പുതിയ ഒരു രാജ്യം നിലവിൽ വന്നു.ഒട്ടോമാൻ അധിനിവേശത്തിന്റെ അവസാന കാലഘട്ടത്തിൽ തന്നെ യഹൂദർ ഇസ്രായേലിലേക്ക് മടങ്ങുന്ന പ്രക്രിയ (അലിയ) ആരംഭിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞതോടെ യെരുശലേം ബ്രിട്ടീഷുകാരുടെ അധീനതയിലായി. തുടർന്നുള്ള കാലത്താണ് ഇന്ന് കാണുന്ന പല ദേവാലയങ്ങളും പുനരുദ്ധരിക്കപ്പെട്ടത്. അന്റോണിയോ ബൽറൂചി എന്ന വിശ്വ പ്രസിദ്ധ ഇറ്റാലിയൻ വാസ്തു ശിൽപ്പിയാണ് യേശുവിന്റെ കബറിടത്തിലെ ദേവാലയ മുൾപ്പെടെയുള്ള മിക്കവാറും എല്ലാ വിശുദ്ധസ്മാരകങ്ങളുടേയും നവീകരണത്തിന് നേതൃത്വം നല്കിയത്. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങൾ വിവിധ അധിനിവേശങ്ങൾക്കും നശീകരണങ്ങൾക്കും വേദിയായെങ്കിലും നിരന്തരമായ ഇടപെടലുകളിലൂടെ ആ സ്ഥാനങ്ങളിലെല്ലാം ഇന്ന് ശിൽപ ചാരുതയുള്ള സ്മാരകങ്ങൾ നിലനിൽക്കുന്നു.
. 2m43qr9

Print Friendly, PDF & Email

Leave a Reply

Your email address will not be published. Required fields are marked *